കഴിഞ്ഞ വ്യാഴം രാത്രി…ഉറക്കത്തിലേക്കു വഴുതിവീഴേണ്ട സമയത്തും ലോകത്തു പലരും ഉണർന്നിരുന്നത് വ്യത്യസ്തമായ ആ. അനുഭവത്തിനായാണ്. പെഴ്‌സിവീയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു കടന്ന് ഉപരിതലം തൊടാനായി യാത്ര തുടങ്ങുന്നു.
‘ നെഞ്ചിടിപ്പിന്റെ 7 മിനിറ്റെന്നു’ പേരുകേട്ട ആ ദുഷ്‌കരഘട്ടം ലൈവായി നാസ യുട്യൂബിൽ കാണിക്കുന്നുണ്ടായിരുന്നു. ഇതേ കാഴ്ച നാസയുടെ കലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ കാണുന്നുണ്ടായിരുന്നു ഡോ. സ്വാതി മോഹൻ. ആ തീവ്രനിമിഷങ്ങളിൽ പെഴ്‌സിവീയറൻസ് ഊളിയിട്ടുകൊണ്ട് ചൊവ്വയുടെ നേർത്ത അന്തരീക്ഷം താണ്ടി.
മണിക്കൂറിൽ ഇരുപതിനായിരം കിലോമീറ്റർ വരെയെത്തിയ അതിവേഗം കുറയ്ക്കാനായി പാരഷൂട്ടുകൾ വിടർന്നു. ഒടുവിൽ അത്യാധുനിക സാങ്കേതികവിദ്യയുടെ കരുത്തിൽ ഇറങ്ങേണ്ട സ്ഥലം പരിശോധിച്ച ശേഷം റോവർ കവചത്തിൽനിന്നു താഴേക്ക്. എൺപതു സെക്കൻഡുകൾ…സുരക്ഷിതമായി റോവർ ചൊവ്വയിൽ പ്രാചീനകാലത്തു വെള്ളമുണ്ടായിരുന്ന, ജീവനുണ്ടായിരുന്നെന്നു സംശയിക്കുന്ന ജെസീറോ ക്രേറ്റർ മേഖലയിൽ തൊട്ടു. ദൗത്യം വിജയം…
ആഹ്ലാദത്തെക്കാൾ ചാരിതാർഥ്യമാണ് ഡോ.സ്വാതിക്കു തോന്നിയത്. താൻ നേതൃത്വം കൊടുത്തു വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യയാണ് പെഴ്‌സിവീയറൻസിനൊപ്പം വിജയിച്ചിരിക്കുന്നത്. ഭാവിയിൽ ബഹിരാകാശമേഖലയിൽ അതു വിപ്ലവങ്ങൾ സൃഷ്ടിക്കും.
Leave a Reply